ബഹിരാകാശം : ഒറ്റനോട്ടത്തിൽ (Vol:2)
അങ്ങു ദൂരെ കുഞ്ഞുഗ്രഹങ്ങൾ
ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കകലെ ലൈറ നക്ഷത്രഗണത്തിന്റെ ദിശയിൽ കിടക്കുന്ന ഈ ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ വലിപ്പമാണുള്ളത്. കെപ്ലർ 37 എന്നാണ് ഈ ഗ്രഹവ്യവസ്ഥക്ക് പേരിട്ടിരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ കുറഞ്ഞ അകലത്തിലാണ് അവയുടെ നക്ഷത്രത്തെ ചുറ്റുന്നത്. കെപ്ലർ 37ബി എന്ന ഗ്രഹത്തിന് 700 കെൽവിൻ താപനിലയുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈ ഗ്രഹം 13 ദിവസം കൊണ്ട് അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നു. കെപ്ലർ 37സി 21 ദിവസവും കെപ്ലർ 37ഡി 40 ദിവസവും എടുക്കുന്നു.
സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ
വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളുടെ ചിത്രങ്ങളെടുക്കുന്നത്. ഗൊദാർദ്ദ് സ്പേസ് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ലിയോൺ ഹോഫ്മാനും സംഘവും ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും 2011 ജൂൺ 10ലെ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേർസിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.
സൗരോപരിതലത്തിലേതിനെക്കാൾ ആയിരം മടങ്ങ് കൂടുതലുണ്ട് സൗരാന്തരീക്ഷത്തിലെ (കൊറോണ) താപനില. ഇതിന് ശരിയായ ഒരു വിശദീകരണം നൽകാൻ ഇതു വരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിനു കാരണമായ KH തരംഗങ്ങളുടെ നേരിട്ടുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഹോഫ്മാൻ അവകാശപ്പെടുന്നു. "ഇപ്പോൾ കണ്ടെത്തിയ തിരമാലകൾ വളരെ ചെറുതാണ്" സംഘത്തിലെ ശാസ്ത്രജ്ഞയായ തോംസൺ ചിരിച്ചുകൊണ്ട് ഇത്രയും കൂടെ കൂട്ടിച്ചേർത്തു: "യുനൈറ്റഡ് സ്റ്റേറ്റിന്റെ അത്രയും."
KH ഇൻസ്റ്റെബിലിറ്റി പരിഗണിച്ചിരുന്നത് ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും കാര്യമായിരുന്നു എങ്കിൽ ഇവിടെ അത് ചാർജ്ജിത കണങ്ങളായ പ്ലാസ്മയെ കൂടി പരിഗണിക്കുകയാണ് ചെയ്യുന്നത്. സൗരസ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വേഗത കൂടിയ പ്ലാസ്മാകണങ്ങളും സാധാരണയായി സൂര്യനിൽ നിന്നു പുറപ്പെടുന്ന വേഗത കുറഞ്ഞ പ്ലാസ്മ കണങ്ങളും തമ്മിലുള്ള ഘർഷണമാണ് സൗരാന്തരീക്ഷത്തിലെ ഉയർന്ന താപനിലക്കു കാരണമെന്നു കരുതുന്നു. സോളാർ പ്രോമിനൻസുകളെ കുറിച്ചും മുൻകൂട്ടി അറിയുന്നതിന് പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.
ഉൽകൃഷ്ട വാതകങ്ങൾ പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക പതിവില്ല. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും വാർത്തയാണ്. ബഹിരാകാശത്ത് ആദ്യമായി ആർഗോൺ സംയുക്തത്തെ കണ്ടെത്തിയതാണ് പുതിയ വാർത്ത.
ക്രാബ് നെബുലയിലാണ് ആർഗോൺ ഹൈഡ്രൈഡ് എന്ന സംയുക്തം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ നെബുലകളിലൊന്നാണിത്. ഈ നെബുല ഉണ്ടാവാൻ കാരണമായ സൂപ്പർ നോവ 1054ൽ തന്നെ ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1731ൽ ജോൺ ബെവിസ് എന്ന ശാസ്ത്രജ്ഞനാണ് ക്രാബ് നെബുലയെ ആദ്യമായി നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമത്തെ ഇനമായി ഇതിനെ ചേർത്തു (M 1). റോസെ പ്രഭുവാണ് ഇതിന് ക്രാബ് നെബുല എന്നു പേരിട്ടത്. അദ്ദേഹം ഇതിന്റെ രേഖാചിത്രം വരച്ചപ്പോൾ അതിനു ഒരു ഞെണ്ടിന്റെ രൂപം തോന്നിയതിനാലാണത്രെ ഈ പേര് നല്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 6500 പ്രകാശവർഷം അകലെ കിടക്കുന്ന ക്രാബ് നെബുലയുടെ വ്യാസം ഏതാണ്ട് 11 പ്രകാശവർഷമാണ്. വളരെ ശക്തിയേറിയ വികിരണതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ബഹിരാകാശ വസ്തു കൂടിയാണ് ക്രാബ് നെബുല.
ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾക്കു വിധേയമാക്കിയ നെബുലയും ക്രാബ് നെബുല തന്നെയായിരിക്കും. ഇക്കാരണത്താലാകും ആദ്യമായി തിരിച്ചറിഞ്ഞ പൾസാർ ക്രാബ് പൾസാർ ആയത്. ഇപ്പോൾ ആദ്യമായി ഒരു ഉൽകൃഷ്ട മൂലകത്തിന്റെ സാന്നിദ്ധ്യം പ്രകടമാക്കിക്കൊണ്ട് അത് വീണ്ടും വാർത്തയാകുന്നു. നെബുലയിലെ താരതമ്യേന തണുത്ത ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശത്താണ് ആഗോൺ ഹൈഡ്രൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലെ പ്രൊഫസർ മൈക്ക് ബാർലോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ആർഗോണിന്റെ തന്മാത്രാ രൂപത്തിലോ സംയുക്ത രൂപത്തിലോ ബഹിരാകാശത്ത് കണ്ടെത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ദൗത്യം അവസാനിപ്പിച്ച ഹെർഷൽ ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിൽ എത്തിയത്.
താപനില കൂടിയ തിളക്കമേറിയ ബഹിരാകാശ പദാർത്ഥങ്ങളെ കുറിച്ചു പഠിക്കാൻ ദൃശ്യപ്രകാശം തന്നെ ഉപയോഗിക്കാമെങ്കിലും താരതമ്യേന ഇരുണ്ട ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശങ്ങളെ കുറിച്ചു പഠിക്കാൻ ഇൻഫ്രാറെഡ് വികിരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രപഞ്ചത്തെ പഠിക്കുക എന്നതായിരുന്നു ഹെർഷൽ ബഹിരാകാശ ദൂരദർശിനിയുടെ ദൗത്യം. 2009 മെയ് 14ന് ആകാശത്തെത്തിയ ഹെർഷൽ 2013 ഏപ്രിൽ 29 വരെയുള്ള കാലയളവിൽ 35000ലേറെ നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. നെബുലകളുടെ ഉൾഭാഗങ്ങളെയും ധൂളീപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗങ്ങളെയും കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ഇതിലൂടെ നമുക്കു ലഭിച്ചത്.
ബഹിരാകാശ പദാർത്ഥങ്ങളിൽ നിന്നും പുറത്തു വരുന്ന വിദ്യുത് കാന്തിക
തരംഗങ്ങളുടെ വർണ്ണരാജി വിശകലനം ചെയ്താണ് അവയിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു മനസ്സിലാക്കുന്നത്. ക്രാബ് നെബുലയുടെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നും വളരെയേറെ ശക്തികൂടിയ വികിരണങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് അവിടെ തന്മാത്രാരൂപത്തിലുള്ള ആർഗോൺ ഹൈഡ്രൈഡ് അയോണുള്ളകൾ ഉള്ളതായി തെളിഞ്ഞത്. നെബുലയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു വരുന്ന ശക്തിയേറിയ ഊർജ്ജകണങ്ങൾ ആർഗോൺ ആറ്റങ്ങളെ അയണീകരിക്കുകയും ഇവ പിന്നീട് ഹൈഡ്രജൻ തന്മാത്രകളുമായി ചേർന്ന് ആർഗോൺ ഹൈഡ്രൈഡ് അയോണുകളായി (ArH+) മാറുകയുമാണ് ചെയ്യുന്നത്.
പ്രകൃതിയിൽ ആർഗോൺ എങ്ങനെ രൂപംകൊണ്ടു എന്നതിനെ കുറിച്ചുള്ള പഠനങ്ങൾക്ക് ഈ പുതിയ കണ്ടെത്തൽ സഹായകരമാവുമെന്നാണ് കരുതപ്പെടുന്നത്.
സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി
വളരെ മനോഹരമായ ഒരു സ്പൈറൽ ഗാലക്സിയാണ് സൺഫ്ലവർ ഗാലക്സി.
M 51 എന്ന ഗാലക്സി ഗണത്തിലെ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് കാണപ്പെടുന്നത്. ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ അറുപത്തിമൂന്നാമത്തെ ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘടന കണ്ടെത്തി. ആദ്യമായി തിരിച്ചറിഞ്ഞ 14 സ്പൈറൽ ഗാലക്സികളിൽ ഒന്നാണിത്. 1971മെയ് മാസത്തിൽ സൺഫ്ലവർ ഗാലക്സിയിലൊരു സൂപ്പർനോവയെ കണ്ടെത്തി.
ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു
എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ.
ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ് ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക് രൂപം കണ്ടെത്തിയിരിക്കുന്നത്. 20 മില്യൻ കിലോമീറ്ററോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ധൂളീപടലത്തിനിടയിൽ നക്ഷത്രത്തിൽ നിന്ന് 1.1 മില്യൻ കി.മീറ്റർ അകലെയായാണ് പുതിയ ഡിസ്ക് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇനിയും വളരെ കൂടുതൽ ഗ്രഹശകലങ്ങളെ പിടിച്ചെടുക്കുകയാണെങ്കിൽ ബ്രൌൺ ഡ്വാർഫ് ഇനത്തിൽ പെട്ട ഒരു നക്ഷത്രമാകാനും സാദ്ധ്യതയുണ്ട്. നമ്മുടെ വ്യഴം കുറെ കൂടി പദാർത്ഥങ്ങൾ പിടിച്ചെടുത്തിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ഒരു നക്ഷത്രമായി മാറുമായിരുന്നത്രെ. അടുത്ത പരിണാമം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് ശാസ്ത്രജ്ഞർ.
നേരത്തെ തന്നെ ഇത്തരം പഠനത്തിന് അനുയോജ്യമായ നക്ഷത്രം T cha ആണെന്ന് തീരുമാനിച്ചിരുന്നു എന്ന് ജർമ്മനിയിലെ മാർക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞനും ഈ പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ജൊഹാൻ ഒലോഫ്സൺ പറഞ്ഞു. VLT ഉപയോഗിച്ച് നിരീക്ഷിക്കാൻ പറ്റുന്ന അകലത്തിലാണ് ഈ നക്ഷത്രം എന്നതാണ് ഇതിനു കാരണം.
യൂറോപ്യൻ സ്പേസ് ഓർഗനൈസേഷന്റെ VLT (Very Large Telescope) ആണ് ശാസ്ത്രസംഘം ഇതിനായി ഉപയോഗിച്ചത്.
ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്
മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.
ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്രനിൽ അപ്പോളൊ 11 ചെന്നിറങ്ങിയ ട്രാൻഗുലിറ്റി ബേസിന്റെ സ്മരണക്കുവേണ്ടി ട്രാൻഗുലിറ്റൈറ്റ് എന്നു പേരു നൽകിയിരിക്കുന്ന ധാതു ഇതുവരെയും ഭൂമിയിൽ നിന്നും കണ്ടെത്താനായിരുന്നില്ല. ഇതാ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.
പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആറു വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായിട്ടാണ് വളരെ നേരിയ അളവിൽ tranquillityite കണ്ടെത്തിയിരിക്കുന്നത്. പെർത്തിലുള്ള Curtin Universityലെ ബെർജർ റാസ്‌മൂസനും സംഘവുമാണ് ഇത് കണ്ടെത്തിയത്. ലഭിച്ച സാമ്പിളുകൾ തലമുടിയിഴയോളം കനവും ഏതാനും മൈക്രോണുകൾ മാത്രം നീളവുമുള്ളവയാണ്.
ഇരുമ്പ്, സിലിക്കൺ, ഓക്സിജൻ, ടൈറ്റാനിയം, സിർക്കോണിയം, യിട്രിയം എന്നീ മൂലകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതിൽ യിട്രിയം ഭൂമിയിൽ വളരെ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു മൂലകമാണ്.
പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!
ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ് പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ് 4ന്റെനാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച് അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.
ബർണെ യൂണിവേഴ്‌സിറ്റിയിലെ മാർട്ടിൻ ജൂട്സി, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ എറിക് അസ്‌ഫോഗ് എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. പുതിയ കണ്ടെത്തലുകൾ ചന്ദ്രനെ കുറിച്ചുള്ള നിരവധി സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.
ആകാശഗോളങ്ങളുടെ വേഗതയുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ വേഗതയായ 8000k.m/h വേഗതയിലായിരുന്നു ഇവയുടെ കൂട്ടിയിടി. ഇതു കൊണ്ടു തന്നെ ആഘാത ഗർത്തങ്ങൾ രൂപം കൊള്ളുകയോ ശിലകൾ ഉരുകിച്ചേരുകയോ ഉണ്ടായില്ല. കുഞ്ഞുചന്ദ്രൻ ഇടിച്ച ഭാഗത്ത് ഇഴുകിച്ചേരുകയാണുണ്ടായത്. ഇതുകൊണ്ടാണ് ചന്ദ്രന്റെ ഇരുവശങ്ങളും ഘടനാപരമായി വ്യത്യസ്തത പുലർത്തുന്നത്. ഭൂസമീപവശം ലാവ ഉരുകിയൊലിച്ച് പരന്നതു പോലെയാണുള്ളത്. ഇവിടെ കാണുന്ന മൂലകങ്ങളും വ്യത്യസ്തമാണ്. KREEP എന്നറിയപ്പെടുന്ന [potassium (K), rare-earth elements (REE) and phosphorus (P)] മൂലകങ്ങളാണ് ഇവിടെ സമൃദ്ധമായിട്ടുള്ളത്. എന്നാൽ കൂടുതൽ കാഠിന്യമേറിയതാണ് എതിർവശം.
ചന്ദ്രന്റെ ഇരുവശങ്ങളും തമ്മിലുള്ള ഈ വിഭിന്നത ബഹിരാകാശയുഗം തുടങ്ങിയ കാലം മുതലുള്ള സമസ്യയാണല്ലോ എന്ന് അത്ഭുതം കൂറിയ ഫ്രാൻസിസ് നിമ്മൊയ്ക്കുള്ള മറുപടി കൂടിയാകുന്നു ഈ വെളിപ്പെടുത്തലുകൾ.
ആഗോളചാന്ദ്രവാരം
2009ൽ ലോകം അന്താരാഷ്ട്രജ്യോതിശാസ്ത്രവർഷമായി ആഘോഷിച്ചു. എന്നാൽ പിന്നീട് അതിനൊരു തുടർച്ച ഉണ്ടായില്ല. എങ്കിലും അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ സംഘടന തുടർന്നുള്ള വർഷങ്ങളിൽ ഏപ്രിൽ മാസം അന്താരാഷ്ട്ര ജ്യോതിശസ്ത്രമാസമായി ആഘോഷിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് ഈ ഏപ്രിൽ മാസം വ്യത്യസ്തമായ ചില പരിപാടികൾ അവർ ആവിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏപ്രിൽ 10 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ചാന്ദ്രവാരം.
10 മുതൽ 16 വരെയുള്ള ദിവസങ്ങൾ ചന്ദ്രന്റെ മുഖത്തിനു വരുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വളരെ അനുകൂലമാണ്. ടെലിസ്കോപ്പുപയോഗിക്കുന്നവർക്ക് ഗർത്തങ്ങളും മറ്റും ഓരോന്നോന്നായി നിരീക്ഷിച്ചു കണ്ടെത്തുന്നതിന് ഈ ദിവസങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഡീഓനീയിൽ പ്രാണവായു
ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി.ശനിയിൽ നിന്നും 1,123 കി.മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം. ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ2.7ദിവസം എടുക്കുന്നു.
1684ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും! 2010ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേയമായ ഈ നിരീക്ഷണം നടത്തിയത്.
ശനിയുടെ ശക്തമായ കാന്തികമണ്ഡലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണത്രെ ഇവിടെ ഓക്സിജൻ തന്മാത്രകൾ രൂപം കൊള്ളുന്നത്. ശനിയുടെ കാന്തികമണ്ഡലത്തിൽ നിന്നും വരുന്ന ചാർജ്ജിതകണങ്ങൾ (charged ions) ഡീഓനീയിലെ മഞ്ഞുകട്ടകളിൽ ചെന്നിടിച്ച് അതിലെ ഓക്സിജൻ തന്മാത്രകളെ
സ്വതന്ത്രമാക്കി അന്തരീക്ഷത്തിലേക്കു വിടുന്നു.
ഓക്സിജനും കാർബണും തമ്മിൽ രാസബന്ധനത്തിലേർപ്പെട്ട് രൂപം കൊള്ളുന്ന തന്മാത്രകളാണ് ജീവന്റെ അടിസ്ഥാനകണങ്ങളാവുന്നത് എന്നതു കൊണ്ട് ഈ കണ്ടെത്തൽ വളരെ നിർണ്ണായകമായാണ് ശാസ്ത്രജ്ഞർ കാണുന്നത്. വ്യാഴത്തിനും ശനിയ്ക്കും ശക്തമായ കാന്തികമണ്ഡലമുള്ളതിനാലും ഇവക്കു ചുറ്റും ധാരാളം മഞ്ഞുകട്ടകൾ നിറഞ്ഞ ഉപഗ്രഹങ്ങൾ ഉള്ളതിനാലും തുടർന്നുള്ള അന്വേഷണങ്ങൾ യൂറോപ്പ, എൻസിലാഡസ് തുടങ്ങിയ മറ്റു പല ഉപഗ്രഹങ്ങളിലേക്കും വ്യാപിക്കും എന്നു കരുതാവുന്നതാണ്.
Vol1 click HERE
*****************END******************

Comments
Post a Comment