ബഹിരാകാശം : ഒറ്റനോട്ടത്തിൽ (Vol:1)


 

കരീന നെബുല

നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. 


ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന്നനിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്. മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു


കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം

 എന്നു പറഞ്ഞാൽ അങ്ങനെയൊന്നും കാണാൻ പറ്റില്ല കേട്ടോ. ഈ ഗ്രഹയൂഥത്തിന്റെ മാതൃനക്ഷത്രത്തിനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും എന്നു മാത്രം. ഇതു വരെ കണ്ടെത്തിയസൌരേതര ഗ്രഹങ്ങളുടെ മാതൃനക്ഷത്രങ്ങളെയൊന്നും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ല. കേരളത്തിലുള്ളവർക്ക് ഈ കാലത്ത് രാത്രി എട്ടു മണി സമയത്ത് തലക്കു മുകളിൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രഗണമാണ് കർക്കിടകം(cancer).  ഈ ഗണത്തിലെ ഒരു നക്ഷത്രമാണ് 55 Cancri. ഇത് മഞ്ഞും മഴക്കാറും ഒട്ടും പ്രകാശവും ഇല്ലാത്ത സ്ഥലത്തു നിന്നു നോക്കുകയാണെങ്കിൽ നമുക്കും കാണാൻ കഴിയും. ചിത്രത്തിൽ ചുവന്ന വലയത്തിനുള്ളിലെ രണ്ടു നക്ഷത്രങ്ങളിൽ താഴെയുള്ളതാണ് 55 Cancri. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 6. എന്നു പറഞ്ഞാൽ നമുക്കു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് എന്നർത്ഥം. ഒരു മഞ്ഞ കുള്ളനും ഒരു ചുവപ്പു കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഇവ തമ്മിലുള്ള അകലം 1000 AU ആണ്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1000 മടങ്ങ്.

 

1997ലാണ് ഈ നക്ഷത്രത്തിന്റെ ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തിയത്. പിന്നീട് ഇതു വരെയായി അഞ്ച് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2004ൽ കണ്ടെത്തിയ നാലാമത്തെ ഗ്രഹമാണ് 55 Cnc e. അന്ന് ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 14.2 മടങ്ങു വരും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഏറ്റവും ഒടുവിലത്തെ ചില പഠനങ്ങളിൽ ഇത് തിരുത്തപ്പെട്ടിരിക്കുകയാണ്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്നനായ ജോഷ്വാ വിൻ നടത്തിയ പഠനത്തിൽ പറയുന്നത് ഈ ഗ്രഹത്തിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ ഏകദേശം ഒമ്പതു മടങ്ങും ആരം ഏകദേശം 1.7 മടങ്ങും ആയിരിക്കും എന്നാണ്.

സാന്ദ്രത ഏകദേശം 12g cm-3 ആയിരിക്കുമത്രെ. ഭൂമിയുടെ ആപേക്ഷിക സാ‍ന്ദ്രത 5.515 g cm-3 ആണ്. ഇങ്ങനെയാണെങ്കിൽ ഇതൊരു ശിലാഗ്രഹം ആയിരിക്കുമെന്നാണ് വിചാരിക്കുന്നത്. മാത്രമല്ല അഗ്നിപർവ്വതങ്ങളും കട്ടി കൂടിയ അന്തരീക്ഷവും ഉണ്ടായിരിക്കുമെന്നും ജ്വോഷ്വായും സംഘവും പറയുന്നു.

 

ഏതായാലും ഖസാക്കിലെ രവിയുടെ അമ്മ നക്ഷത്രക്കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തിരുന്നതു പോലെ നമുക്കും പറഞ്ഞു കൊടുക്കാം “അതാ ആ കാണുന്ന നക്ഷത്രത്തിനു ചുറ്റും അഞ്ചു ഗ്രഹങ്ങളുണ്ടെന്നും അതിലൊന്ന് ഭൂമിയെ പോലെ ഉറച്ചതാണെന്നും അതിന് അന്തരീക്ഷമുണ്ടെന്നും........!!!!!!!!!!


മാനത്തൊരു വേട്ടനായ

ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു.


പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സിറിയസ്സിനെ കൃഷിയുമായി ബന്ധപ്പെടുത്തി. സൂര്യോദയത്തിന് തൊട്ടുമുമ്പ് സിറിയസ്സിനെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു കണ്ടാൽ നൈൽ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സമയമായി എന്നവർ മനസ്സിലാക്കുമായിരുന്നു. ഇതനുസരിച്ച് അവർ പ്രാരംഭ ജോലികൾ ആ‍രംഭിക്കുമായിരുന്നു. 


ഗ്രീക്ക് ഇതിഹാസമനുസ്സരിച്ച് ഓറിയോണിന്റെ വേട്ടനായയാണ് കാനിസ് മേജർ. രണ്ടു തലയാണത്രെ ഇതിനുള്ളത്. 


ഭൂമിയിൽ നിന്നു നോക്കിയാൽ നിശാകാശത്ത് ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രമാണ് എട്ടു പ്രകാശവർഷം അകലെ കിടക്കുന്ന സിറിയസ്. അതിവിദൂരവാന വസ്തുക്കളുടെ(Deep sky objects) ദരിദ്രമായ ഒരു ഗണമാണ് കാനിസ് മേജർ. M 41 എന്ന ഒരു മെസ്സിയർ വസ്തു മാത്രമേ ഇതിലുള്ളു. ഇത് 4.6 കാന്തിമാനമുള്ള ഒരു ഓപ്പൺ ക്ലസ്റ്ററാണ്. സിറിയസ്സിൽ നിന്ന് 4 ഡിഗ്രി തെക്കു മാറിയാണ് ഇതിന്റെ സ്ഥാനം. എണ്ണായിരത്തോളം നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ നക്ഷത്രക്കുല ഭൂമിയിൽ നിന്ന് 2350 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 24 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം. കാനിസ് മേജർ ഡ്വാർഫ് എന്ന ഒരു ഉപഗ്രഹ ഗാലക്സിയും കാനിസ് മേജർ നക്ഷത്രഗണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 


അധര(ε CMa), വെസ്സൻ( δ CMa), മർസ്സിം(β CMa), അലുദ്ര(η CMa), ഫുറൂദ്(ζ CMa), മുലിഫെൻ(γ CMa) എന്നിവയാണ് കാനിസ് മേജർ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾ.


എൻസിലാഡസിലെ സമുദ്രം

എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല.

പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലുള്ള കൗതുകം വർദ്ധിച്ചു വരാൻ തുടങ്ങി. വെറും 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. നമ്മുടെ ചന്ദ്രന്റെ വ്യാസത്തിന്റെ ഏഴിലൊന്നു മാത്രം! പക്ഷെ ചന്ദ്രനിൽ നിന്നു വ്യത്യസ്തമായി ഇത് വലിയൊരു ജലകുംഭമാണ്. പുറത്തുള്ള ഘനീഭവിച്ച മഞ്ഞുകട്ടകൾക്കു താഴെ 10കി.മീറ്റർ വരെ ആഴമുള്ള സമുദ്രങ്ങളാണ് ഈ കുഞ്ഞൻഗോളത്തിലുള്ളത്. എൻസിലാഡസിന്റെ ദക്ഷിണാർദ്ധഗോളം ഈ സമുദ്രങ്ങളെ കൊണ്ട് പൂരിതമാണ് എന്നാണ് കരുതപ്പെടുന്നത്.

2005ൽ തന്നെ കാസ്സിനി അയച്ചു തന്ന ചിത്രങ്ങളിൽ നിന്ന് അവിടെ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. പിന്നീട് അവിടെ വലിയതോതിലുള്ള ജലൽശേഖരമുണ്ടാവാമെന്നതിനുള്ള തെളിവുകളും ലഭിച്ചു. പുതിയ തെളിവുകൾ ഇത് കൂടുതൽ ഉറപ്പിക്കുകയും ജലത്തിന്റെ അളവ് മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. എൻസിലാഡസിനടുത്തു കൂടെ കാസിനി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രവേഗവ്യതിയാനമാണ് ശാസ്ത്രജ്ഞരെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇതുവരെയായി 19 പ്രാവശ്യമാണ് കാസിനി എൻസിലാഡസിനു സമീപത്തുകൂടി കടന്നു പോയത്.

30മുതൽ 40വരെ കി.മീറ്റർ വരെ കനമുള്ള ഐസ്‌കട്ടളാൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഈ ജലശേഖരത്തിൽ അടങ്ങിയിരിക്കുന്ന ജീവന്റെ ഏകകോശരൂപങ്ങളെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ നമ്മെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.


ടൈറ്റനിൽ ജീവനുണ്ടാകുമോ?

 ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രിയപ്പെട്ട ഒരു സൗരയൂഥ സ്ഥാനമാണ്. ഭൂമിയെ പോലെ ദ്രവരൂപത്തിലുള്ള ജലം ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരു ഗോളമാണ് ടൈറ്റൻ. ഇതുകൊണ്ടുതന്നെ ഇതിനെ പറ്റി നിരവധി പഠനങ്ങൾ സൗരയൂഥ ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അവസാനത്തേതാണ് കാസ്സിനി ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും കിട്ടിയിരിക്കുന്നത്. ഇത് പുതിയ ചില സാദ്ധ്യതകളാണ് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.

ടൈറ്റനിൽ ഏകകോശജീവികൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത പല ശാസ്ത്രജ്ഞരും തള്ളിക്കളയുന്നില്ല. ഇതിനു കൂടുതൽ ബലം നൽകുന്ന തെളിവാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. കാസ്സിനി ടൈറ്റന്റെ ഏറ്റവും സമീപത്തു കൂടി കടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിന്റെ ഉത്തരധ്രുവത്തിലുള്ള തടാകങ്ങളിലും സമുദ്രങ്ങളിലും ധാരാളം ഹൈഡ്രോകാർബണുകൾ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. മുമ്പു നടത്തിയ പറക്കലുകളിൽ നിന്നും വ്യത്യസ്തമായ സ്ഥാനങ്ങളിലൂടെയായിരുന്നു ഇപ്രാവശ്യം കാസ്സിനി പറന്നത്. ഇത് മറ്റൊരു ആംഗിളിൽ നിന്ന് ഈ പ്രദേശങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. ടൈറ്റനിലെ ഏറ്റവും വലിയ കടലുകളായ ക്രാക്കൻ മരെ, ലിജിയാ മരെ എന്നീ കടലുകളും അടുത്തുള്ള മറ്റു ചില തടാകങ്ങളുമാണ് ഇങ്ങനെ നിരീക്ഷിച്ചത്. ഇതിൽ നിന്നുമാണ് ഇതുവരെ കിട്ടാതിരുന്ന പല വിശദാംശങ്ങളും ലഭ്യമായത്.

ടൈറ്റൻ പഠനത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ലിജിയാ മരെ എന്ന സമുദ്രത്തിന്റെ ആഴം 170മീറ്ററാണ് എന്നും കണ്ടെത്തി. ആദ്യമായാണ് ടൈറ്റനിലെ ഒരു സമുദ്രത്തിന്റെ ആഴം കണ്ടെത്തുന്നത്. ടൈറ്റന്റെ ഉത്തരാർദ്ധഗോളത്തിലാണ് ഏറ്റവും കൂടുതൽ ജലശേഖരമുള്ളത്. 

ഏതാണ്ട് 9000 ക്യുബിക് കിലോമീറ്റർ ദ്രവഹൈഡ്രോകാർബൺ ഇവിടെയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഭൂമിയിലെ മൊത്തം എണ്ണനിക്ഷേപത്തിന്റെ 40 മടങ്ങിൽ കൂടുതൽ വരും.


കുള്ളൻഗ്രഹങ്ങൾ

കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!

 

പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.

 

ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ ശേഷിയുള്ളതും സ്വന്തം ഉപഗ്രഹങ്ങളെയല്ലാതെ ഭ്രമണപഥത്തിൽ മറ്റു സമാനപദാർത്ഥങ്ങളെ പ്രവേശിപ്പിക്കാത്തതുമായ ബഹിരാകാശവസ്തുക്കളെ ഗ്രഹം എന്നു പറയാം. കുള്ളൻ ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നതായിരിക്കും. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ കഴിയുന്നതായിരിക്കും. സ്വന്തം ഭ്രമണപഥത്തിൽ സമാന പദാർത്ഥങ്ങളെ പ്രവേശിപ്പിക്കും. മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹമായിരിക്കില്ല. 2006ലാണ് IAU (International Astronomy Union) ഈ നിർവചനം അംഗീകരിച്ചത്.

 

പ്ലൂട്ടോ, എറിസ്, മെയ്ക്ക് മെയ്ക്ക്, സിറസ്, ഹൗമി, സെഡ്ന എന്നിവയാണ് ഇതു വരെ കണ്ടെത്തിയ പ്രധാനപ്പെട്ട കുള്ളൻ ഗ്രഹങ്ങൾ. പ്ലൂട്ടോ, മെയ്ക്ക് മെയ്ക്ക്, ഹൗമി എന്നിവ കൂയിപ്പർ ബെൽറ്റിലാണ് സ്ഥിതി ചെയ്യുന്നത്. സെഡ്ന ഊർട്ട് ക്ലൗഡിലും സിറസ് ആസ്റ്ററോയ്ഡ് ബെൽറ്റിലും  എറിസ് കൂയിപ്പർ ബെൽറ്റിനിപ്പുറത്തുമാണ് സ്ഥിതിചെയ്യുന്നത്. നെപ്ട്യൂണിനുമപ്പുറത്തു സ്ഥിതിചെയ്യുന്ന കൂയിപ്പർ ബെൽറ്റിൽ ഇനിയും ധാരാളം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളെ കുറിച്ച് വളരെയധികം കാര്യങ്ങളൊന്നും അറിയില്ല. പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ2006ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസിൽ നിന്നും കൂടുതൽ ലഭിച്ചേക്കാം. അതിനും 2015 വരെ കാത്തിരിക്കണം.


അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

 കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.

ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-186d, കെപ്ലർ-186e, കെപ്ലർ-186f എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പുറമെ കിടക്കുന്ന കെപ്ലർ-186f എന്ന ഗ്രഹമാണ് ഭൂസമാന സ്വഭാവം കാണിക്കുന്നത്.

ഇതിനു മുമ്പും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെയും ജീവസാധ്യമേഖലയിലുള്ള ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജീവസാധ്യമേഖലയിലുള്ള ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ജീവൻ ഉണ്ട് എന്നതിനോ ജീവൻ സാധ്യമാണ് എന്നതിനോ ഉള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വലിപ്പം കൊണ്ട് ഭൂമിയോളമെന്നും അതിന്റെ മാതൃനക്ഷത്രത്തിൽ നിന്നും ദ്രവജലം ഉണ്ടാവാൻ സാധ്യതയുള്ള അകലത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നും മാത്രമാണ് ഇതിനർത്ഥം. ഇതിന്റെ രാസഘടന എന്താണെന്നോ അന്തരീക്ഷം എങ്ങനെയുള്ളതാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.

ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് കെപ്ലർ-186f എന്ന ഗ്രഹം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. 130 ഭൗമദിനങ്ങൾ വേണം ഇതിനെ മാതൃനക്ഷത്രത്തെ ഒന്നു ചുറ്റിവരാൻ. ഭൂമിക്ക് സൂര്യൻ നൽകുന്നതിന്റെ മൂന്നിലൊന്ന് ഊർജ്ജം മാത്രമാണ് ഇതിന്റെ നക്ഷത്രം ഈ ഗ്രഹത്തിനു നൽകുന്നത്. കെപ്ലർ-186fന്റെ നട്ടുച്ച നേരത്ത് അതിന്റെ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ അസ്തമയ സൂര്യന്റെ പ്രഭയോളം മാത്രമേ ഉണ്ടാവുകയുള്ളുവത്രെ!

ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചൊന്നും വളരെ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. അവയുടെ ഏകദേശ വലിപ്പവും മാതൃനക്ഷത്രത്തിൽ നിന്നുള്ള ഏകദേശദൂരവുമൊക്കെയാണ് നമുക്ക് പ്രധാനമായും അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇനി ഭൂമിയെ പോലെതന്നെയുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. നമ്മുടെ സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളെയും ഭൂമിയോളം അകലത്തിൽ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെയും കണ്ടെത്തുന്നതിനായിരിക്കും ഇനി പ്രാമുഖ്യം കിട്ടുക. എന്നിട്ടതിന്റെ രാസഘടനയും ഭൗതിക സവിശേഷതകളും പഠിക്കും. കാത്തിരിക്കാം ആ കാലത്തിനു വേണ്ടി. അതിൽ നിന്നു കിട്ടുന്ന പുതിയ അറിവുകൾക്കു വേണ്ടി. പുതിയ ജിജ്ഞാസകൾക്കു വേണ്ടി....

 ****************************************************************************

To be Continued ...

Vol2 click HERE

Comments

Popular posts from this blog

നിക്കോള ടെസ് ല(Nikola Tesla) ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ

തൂത് ആംഖ് അമൂൻ (ഭാഗം.2 )

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും