പഷ്തൂണുകൾ
പ്രധാനമായും അഫ്ഗാനിസ്താന്റെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും വസിക്കുന്ന ഒരു ജനവിഭാഗമാണ് പഷ്തൂണുകൾ. അഫ്ഗാൻ വംശജരെന്നും ഇവർ അറിയപ്പെടുന്നു.ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തി) വടക്കും തെക്കുമായി വസിക്കുന്ന ഇവരുടെ ആവാസമേഖലയെയാണ് പത്തൊമ്പതാം നൂറ്റാണ്ടു വരെ അഫ്ഗാനിസ്താൻ എന്നറിയപ്പെട്ടിരുന്നത്. പഷ്തുവാണ് ഇവരുടെ ഭാഷ. ഇന്ന് അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. ഇന്ത്യയിലേയും പാകിസ്താനിലേയും പഷ്തൂണുകൾ പഠാണികൾ എന്നറിയപ്പെടുന്നു,,
പഷ്തൂണുകൾ വിദഗ്ദ്ധരായ പോരാളികളാണ്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പഷ്തൂണുകളുമായി പലതവണ ബ്രിട്ടീഷുകാർ യുദ്ധത്തിലേർപ്പെട്ടിരുന്നു. ആംഗ്ലോ അഫ്ഗാൻ യുദ്ധങ്ങൾ എന്നാണ് ഈ യുദ്ധങ്ങൾ അറിയപ്പെടുന്നത്. ഓരോ വട്ടവും, തങ്ങളുടെ കുന്നുകളിൽ ഗറില്ലായുദ്ധത്തിൽ വിദഗ്ദ്ധരായിരുന്ന പഷ്തൂണുകളോട് തോറ്റ് ബ്രിട്ടീഷുകാർക്ക് മടങ്ങേണ്ടി വന്നു
2000-ആമാണ്ടിലെ കണക്കനുസരിച്ച് പഷ്തൂണുകളുടെ ആകെ ജനസംഖ്യ 2 കോടിയോളമാണ്. ഇവരിൽ പകുതിയോളം വീതാം പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി അതിർത്തിയുടെ ഇരു വശങ്ങളിലുമായി വസിക്കുന്നു
പഷ്തൂണുകളിൽ പല വർഗ്ഗങ്ങളുണ്ട്. ദുറാനി, ഘൽജി എന്നീ പഷ്തൂൺ വംശജർ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്നവരാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കവാടങ്ങളായ, ഖൈബർ ചുരത്തിനും, കൊഹാട്ട് ചുരത്തിനും അടുത്തുള്ള മേഖലയിൽ അധിവസിക്കുന്നവരാണ് അഫ്രീദികൾ
പഷ്തൂണുകൾ ഭാഷാപരവും സാംസ്കാരികപരവുമായി ഒരൊറ്റ ജനതയായാണ് ഇന്ന് നിലകൊള്ളുന്നതെങ്കിലും ജനിതകമായി ഇവർ ഒരേ വംശത്തിൽ നിന്നുള്ളവരല്ല. വിവിധ വംശത്തിലുള്ള ജനങ്ങൾ നൂറ്റാണ്ടുകളായി പഷ്തൂണുകളിലേക്ക് അലിഞ്ഞു ചേർന്നിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ തായ്മാനി, മാലികി അയ്മക് എന്നീ വിഭാഗങ്ങൾ കണ്ടഹാരി പഷ്തൂണുകളുടെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി, സ്വയം പഷ്തൂണുകളാണെന്നു ഇപ്പോൾ കരുതുന്നു. ഇത് ഈ ലയനപ്രക്രിയയുടെ ഒരു പുതിയ ഉദാഹരണമാണ്...
പഷ്തൂണുകൾക്ക് ജൂതപാരമ്പര്യമാണുള്ളതെന്നാണ് ഇവരുടെ പരമ്പരാഗതവിശ്വാസം. എന്നാൽ ചില രൂപസാദൃശ്യങ്ങളും, ബൈബിളുമായി ബന്ധപ്പെട്ട അഫ്ഗാനികളുടെ പേരുമൊഴിച്ചാൽ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല അഫ്ഗാനികളുടെ ഭാഷയായ പഷ്തുവിന് ഹീബ്രു, അരമായ എന്നിങ്ങനെയുള്ള സെമിറ്റിക് ഭാഷകളുമായും ബന്ധമില്ല. ശാസ്ത്രീയവിശകലനമനുസരിച്ച്, പഷ്തൂണുകൾ, വംശീയമായി തുർക്കികളൂമായും ഇറാനിയരുമായും ബന്ധപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താനിൽ കിഴക്കുവശത്ത് വസിക്കുന്നവർ ഇന്ത്യക്കാരുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഇന്തോ യൂറോപ്യൻ ഭാഷാകുടുംബത്തിലെ ആര്യൻ ഉപവിഭാഗത്തിൽ പെടുന്ന ഭാഷയാണ് പഷ്തു എന്നുള്ളതിനാൽ, പൊതുവേ, പഷ്തൂണുകൾ ആര്യൻ വംശജരാണെന്ന് കണക്കാക്കുന്നു. എങ്കിലും കാലങ്ങളായുള്ള മംഗോൾ, തുർക്കിക് അധിനിവേശങ്ങൾ നിമിത്തം ഇവർ ഒരു സങ്കരവർഗ്ഗമായി മാറി..
വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. 982-ൽ രചിക്കപ്പെട്ട കർത്താവ് അജ്ഞാതമായ ഹുദുദ് അൽ ആലം എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ അഫ്ഗാനികൾ വസിക്കുന്ന സൗൾ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് ഗസ്നിക്ക് കിഴക്കുള്ള ഗർദീസിനടൂത്തായിരിക്കണം. ഈ പ്രദേശം, സബൂളിസ്താന്റെ തലസ്ഥാനമായിരുന്ന പുരാതന സബൂളിന് അടുത്താണെന്നും പരാമർശിച്ചിരിക്കുന്നു. ഇതിനുപുറമേ, ഇന്നത്തെ ജലാലാബാദിനടുത്തുള്ള ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഗാൻ വംശങ്ങളിൽപ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട.
ഗസ്നിയിലെ മഹ്മൂദിന്റെ കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ അൽ ബറൂണി രചിച്ച താരിഖ് അൽ ഹിന്ദ് എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും അദ്ദേഹം പറയുന്നു. അഫ്ഗാനികൾ, ഗസ്നവി സേനയിലെ കുന്തമുനകൾ ആയിരുന്നു എന്ന് ഗസ്നിയിലെ മഹ്മൂദിന്റെ മന്ത്രിയായിരുന്ന അൽ ഓത്ബി, പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ അവർ അന്നും അപരിഷ്കൃതരായ ഗിരിവർഗ്ഗക്കാർ ആയിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.
ഗസ്നിക്കും സിന്ധൂസമതലത്തിനും ഇടയിൽ വസിക്കുന്ന പേർഷ്യക്കാർ ആണ് അഫ്ഗാനികൾ എന്നാണ് ഇബ്ൻ ബത്തൂത്ത പറയുന്നത്. കുഹ് സുലൈമാൻ മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേർക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം കന്ദഹാറിന് കിഴക്കുള്ള കുഹി സുലൈമാൻ മലയോടടുത്താണ്.
മേഖലക്കു പുറത്തുള്ള ഹെറാത്തും സമർഖണ്ഡും തെക്ക്, ഇന്ത്യയും സാംസ്കാരികവും കലാപരവുമായ പുരോഗതി കൈവരിച്ചപ്പോൾ, അഫ്ഗാനികൾ, ആട്ടിടയന്മാരും നാടോടികളുമായി തുടർന്നു. ഇടക്കാലത്ത് ദില്ലിയിൽ അധികാരത്തിലിരുന്ന മുസ്ലീം ഭരണാധികാരികൾ അഫ്ഗാൻ പാരമ്പര്യമുള്ളവരായിരുന്നെന്ന് പറയാറുണ്ടെങ്കിലും, സൂരി, ലോധി രാജവംശങ്ങളൊഴികെയുള്ളവരെല്ലാം തുർക്കി പാരമ്പര്യമുള്ളവരാണ്.
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്. 1504-ൽ കാബൂളിൽ സാന്നിധ്യമുറപ്പിച്ച ബാബറിന്, തെക്കൻ അഫ്ഗാനിസ്താനിലെ ആധിപത്യത്തിന് പഷ്തൂണുകളുമായി പടവെട്ടേണ്ടി വന്നിരുന്നു. പഷ്തൂണുകൾ കൊള്ളക്കാരും മലമ്പാതകളിൽ വസിക്കുന്നവും ആണെന്നാണ് ബാബർ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇവരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബാബർ, ഇവരുമായി സഖ്യം ഉറപ്പിക്കുനതിനായി ബീബി മുബാരിക എന്ന ഒരു പഷ്തൂൺ യൂസഫ്സായ് സ്ത്രീയെ വിവാഹം ചെയ്തിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ അഫ്ഗാനിസ്താനു ചുറ്റുമായി ശക്തിപ്പെട്ട ഇറാനിലെ സഫവി സാമ്രാജ്യവും, ട്രാൻസോക്ഷ്യാനയിലെ ഉസ്ബെക്കുകളുടെ ഷൈബാനി സാമ്രാജ്യവും, ഇന്ത്യയിലെ മുഗൾ സാമ്രാജ്യവും അഫ്ഗാനിസ്താനിലെ നഗരങ്ങളുടെ നിയന്ത്രണത്തിനായി പരിശ്രമിച്ചിരുന്നു. മൂന്നു കൂട്ടരും ഇതുവഴി കടന്നു പോകുന്ന വ്യാപാരികളിൽ നിന്നും കരം ഈടാക്കാനും തദ്ദേശീയരെ നിയന്ത്രിക്കുന്നതിനുമായി പഷ്തൂണുകളെപ്പോലെയുള്ള തദ്ദേശീയരായ ഇടനിലക്കാരെ ഏർപ്പെടുത്തി. ഇതുവഴി പഷ്തൂണുകൾ അവരുടെ വാസം പ്രധാന പാതകൾക്ക് സമീപത്തേക്ക് നീക്കുകയും ചെയ്തു..
പതിനെട്ടാം നൂറ്റാണ്ടിൽ സ്വന്തമായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നവരേയും യഥാർത്ഥ അഫ്ഗാനികൾ ആദിവാസികളായി കഴിഞ്ഞു

Comments
Post a Comment