ജൈവപരിണാമം- കൂടുതൽ തെളിവുകൾ- ഭാഗം 1


 

1859ലാണ്‌ ഡാർവിൻ, ജൈവശാസ്ത്രലോകത്തെ ഇളക്കി മറിച്ച കൃതി, "Origin of Species"പ്രസിദ്ധീകരിക്കുന്നത്. ഇന്ന് ഒട്ടേറെ ശാസ്ത്രശാഖകൾ-Geology, Paleontology, Genetics, Molecular Biology, Anthropology - അതിനോട് ചേർന്ന് അതിനെ ഒരു ബ്രഹത് ശാസ്ത്രമാക്കി മാറ്റിയിരിക്കുകയാണ്‌. ഈ ശാസ്ത്രശാഖകൾ നല്‍കുന്ന അറിവിന്റെ വെളിച്ചത്തിൽ, വ്യത്യസ്ത ജീവി വിഭാഗങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുന്നു, എപ്പോൾ Extinct ആകുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. 'പ്രപഞ്ചബാഹ്യമായ' ഒരു ‘ശക്തി’ക്കും 'ജൈവസൃഷ്ടി'യിൽ പങ്കില്ലെന്നും മറിച്ച് ‘ദൈവം’ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും നമുക്ക് ബോധപ്പെടുത്തിത്തരുന്ന ഈ ശാസ്ത്രശാഖ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും അടിത്തറ തന്നെയാകുന്നു.

നമ്മുടെ ചുറ്റിലും ഒന്ന് നോക്കുക. എന്തെന്ത് ജീവി വിഭാഗങ്ങളെയെല്ലാമാണ്‌ നാം കാണുന്നത്. പക്ഷികൾ തന്നെ എത്രയോ വിഭാഗങ്ങൾ ഉണ്ട്. പിന്നെ, പശു, ആട്, ആന, അങ്ങനെ പോകുന്നു. എല്ലാം മനോഹരങ്ങളായ ഡിസൈനുകൾ. പരിണാമ ശാസ്ത്രം വികസിക്കുന്നതുവരെ ഈ ജീവികളെയെല്ലാം പ്രത്യേകം പ്രത്യേകമായി ദൈവം 'സൃഷ്ടിച്ച'താണെന്ന് കരുതിയിരുന്നു. ദൈവം ഉണ്ടെന്നുള്ളതിന്‌ ഈ ഡിസൈനുകളെല്ലാം തെളിവായി കരുതിയിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. പരിണാമശാസ്ത്രം നല്കുന്ന വെളിച്ചത്തിനു മുന്നിൽ സൃഷ്ടിയും സ്രസ്ടാവും പരസ്പരം മാറിയിരിക്കുന്നു. ദൈവം മനുഷ്യന്റെ ഒരു 'മഹത്തായ' സൃഷ്ടിയാണ്‌.

ഇന്ന് ഭൂമുഖത്തുള്ളതും, ഇന്നലെവരെ ഉണ്ടായിരുന്നതും, ഇനി നാളെ ഉണ്ടാകാവുന്നതുമായ ഒരു ജീവിയും എവിടെനിന്നും പൊട്ടിമുളച്ചുണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. പൂർവ്വിക ഡിസൈനിൽ സംഭവിക്കുന്ന ചില മാറ്റങ്ങളാണ്‌ പുതിയ ജീവി വിഭാഗങ്ങൾക്ക് ജന്മം നല്കുന്നത്. ഒരു സവിശേഷ പരിതസ്ഥിതിൽ ജീവിച്ചുവന്ന പൂർവ്വികജീവി, ആ പരിതസ്ഥിതിയിൽ മാറ്റം വന്നപ്പോൾ സംജാതമായ പുതിയ പരിതസ്ഥിതിൽ ജീവിക്കുവാൻ അതിന്റെ ഘടനയിൽ ചില മാറ്റങ്ങൾ സംഭവിക്കേണ്ടിവരും. പുതിയ പരിതസ്ഥിതിയിൽ ജീവിക്കാൻ അനുകൂലമായ മാറ്റങ്ങൾ സംഭവിച്ച ജീവികളേ ഇവിടെ ജീവിക്കാൻ അർഹത നേടൂ. ഈ പരിതസ്ഥിതി മാറ്റത്തിൽ ഒരുപാട് പൂർവ്വ ജീവിവിഭാഗങ്ങൾ നശിപ്പിക്കപ്പെടും. അർഹത നേടിയ ജീവികൾക്ക് പൂർവ്വ ജീവിവിഭാഗങ്ങളിൽ നിന്ന് ചില ഘടനാപരമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും. 

ഈ പ്രക്രിയ സംഭവിക്കുന്നത്, ഫോസിലുകളിൽ വളരെ വ്യക്തമായി കാണാം. ഇത് ഒരുതരം തെളിവ്. ഇനി വേറൊരു തരം തെളിവുണ്ട്. അത് വഹിച്ചും കൊണ്ടാണ്‌ നാമോരുത്തരും-ഇതര ജീവികളും-ജീവിക്കുന്നത്. അത് നമ്മുടെ ശരീരത്തിലുണ്ട്; DNAയിലുണ്ട്. നമ്മുടെ DNAയിൽ നമ്മെ രൂപപ്പെടുത്തുന്ന Active ജീനുകളേക്കാൾ കൂടുതൽ dead gene കൾ ഉണ്ട്. ഈ pseudo genes- സ്യൂഡോ ജീനുകൾ, ഇന്ന് നമുക്ക് ആവശ്യമില്ലാത്തതിനാൽ പ്രകൃതി നിർധാരണം വഴി നിർവീര്യമാക്കപ്പെട്ടവയാണ്‌. എന്നാൽ ഈ ജീനുകൾ നമ്മുടെ പൂർവ്വികർക്ക് ആവശ്യമുള്ളവയായിരുന്നു. നമ്മിൽ നിർവീര്യമാക്കപ്പെട്ടു കിടക്കുന്ന ഈ ജീനുകൾ നമ്മുടെ പൂർവികരെ വെളിപ്പെടുത്തുന്നു. ഒപ്പം അവരിൽ നിന്ന് നമ്മൾ എങ്ങനെ ഉല്ഭവിച്ചു എന്ന വസ്തുതയും പുറത്തുകൊണ്ടുവരുന്നു. നമ്മുടെ ജനോം ഇത്തരം നിർവീര്യമാക്കപ്പെട്ട ജീനുകളുടെ ഒരു കൂമ്പാരമാണ്‌. ഈ pseudo genesകൾ, ഇന്ന് ഒരുപാട് ഗവേഷണം നടക്കുന്ന മേഖലയാണ്‌.

ഒരു ശരീരത്തെ നോക്കുക. സൃഷ്ടിവാദത്തെയും 'ദൈവ'ത്തെയും നിരാകരിക്കുന്ന വസ്തുതകൾ കാണാൻ സാധിക്കും. ഒരു ജീവി 'സൃഷ്ടി'യാണെങ്കിൽ ആ ശരീരം ഏകശിലാഖണ്ഡമായിരിക്കണം. അതിൽ ഏപ്പുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടായിരിക്കാൻ പാടില്ല. അത് അച്ചിലിട്ട് വാർത്തതുപോലെ ആയിരിക്കണം. എന്നാൽ അങ്ങനെയല്ല ജീവശരീരങ്ങൾ. അത് modular design ആണ്‌. അതെ, ഒരു ജീവശരീരം "കണ്ടം ബെച്ച കോട്ടാ"ണ്‌. ശരീരം നിറയെ ഏപ്പുകളാണ്‌, കൂട്ടിച്ചേർക്കലുകളാണ്‌. നൂറ്‌ കണക്കിന്‌ പാർട്സുകളാൽ പ്രകൃതി, ഓരോ പരിസ്ഥിതിക്കനുസരിച്ച് എടുത്തുകളഞ്ഞു കൂട്ടിച്ചേർത്തും രൂപംകൊടുത്തതാണ്‌ ഓരോ ജീവശരീരവും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ body design അതിപുരാതനമാണ്‌. അത് കാംബ്രിയൻ യുഗത്തിന്‌ മുമ്പും ഉണ്ട്. കാംബ്രിയന്‌ ശേഷവും ഉണ്ട്. സൃഷ്ടിവാദികളുടെ ‘ഇഷ്ടപ്പെട്ട കാംബ്രിയൻ ജീവിയാണ്‌’ ട്രൈലോബൈറ്റ്. ഈ ജീവിയുടെ ശരീരം ആവർത്തിച്ചുള്ള ഖണ്ഡങ്ങളുടെ സമാഹാരമാണ്‌. ഉദാ:-Olenoides serratus. Natural History Museumങ്ങളിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ ഫോസിലുകൾ ഇപ്പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു."ജീവശരീരത്തെ രൂപം കൊടുക്കുന്നതിൽ ആവർത്തിച്ചുള്ള ഭാഗങ്ങളുടെയും ഖണ്ഡഘടനയുടെയും വ്യാപകമായ ഉപയോഗം പരിണാമത്തിൽ സംഭവിച്ചതായി ഈ ഫോസിലുകൾ വ്യക്തമാക്കുന്നു ജീവി, സൃഷ്ടിയല്ലാത്തതുകൊണ്ടും Modular design ആയതുകൊണ്ടുമാണ്‌ ഇന്ന് ഇത്രയും വൈപുല്യമാർന്ന ജീവസഞ്ചയം സംജാതമായത്. ജീവി സൃഷ്ടിയാണെങ്കിൽ പിന്നെ മാറ്റത്തിന്‌ പ്രസക്തിയില്ല; അങ്ങനെ സംഭവിക്കാതിരിക്കത്തക്കവണ്ണം അത് ഏക ശിലാ രൂപമായിരിക്കും. Modular design ആയതുകൊണ്ട് അത് മാറ്റത്തിന്‌ വിധേയമാണ്‌. ഒരു design ഒരു പ്രത്യേക പരിതസ്ഥിതിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു design അവതരിപ്പിക്കാം. അത് ആ പരിതസ്ഥിതിക്കനുയോജ്യമാണെങ്കിൽ ആ design അതിജീവിക്കും. അങ്ങനെ അതിജീവനം സിദ്ധിച്ച നൂറ്‌ നൂറ്‌ designകളുടെ ഇങ്ങേതലയ്ക്കലുള്ള കണ്ണികളാണ്‌ മനുഷ്യൻ.


പൂർവ്വ design- ജീവികളിൽ- മാറ്റം സംഭവിച്ച് ഇന്നത്തെ design- നമ്മളും ഇതര ജീവികളും- രൂപം കൊണ്ടപ്പോൾ പൂർവ്വികർക്ക് ആവശ്യമായിരുന്ന പല ഘടകങ്ങളും പുതിയവർക്ക് അനാവശ്യമായി വന്നു. അങ്ങനെ ആ ഘടകങ്ങൾ പുതിയവയിൽ നിർവ്വീര്യമാക്കപ്പെട്ടു. അങ്ങനെ നിർവീര്യമാക്കപ്പെട്ട ഘടകങ്ങളും ജീനുകളും നമ്മുടെ ശരീരത്തിൽ നിന്നും DNAയിൽ നിന്നും പൂർണമായും എടുത്തുമറ്റപ്പെട്ടിട്ടില്ല. ആ അവശിഷ്ടങ്ങളും പേറിക്കൊണ്ടാണ്‌ നാം ഇപ്പൊഴും ജീവിക്കുന്നത്. ആ ഘടകങ്ങളെയും ജീനുകളെയും ചെറുതായൊന്ന് സൂചിപ്പിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. അതിനു മുമ്പ് modular design ലൂടെ നമ്മെ രൂപപ്പെടുത്തിയ പൂർവ്വ design -പൂർവ്വ ജീവികളെ- Geologic time scale ലൂടെ ഒന്ന് കാണേണ്ടതുണ്ട്. ഈ യാത്ര സൃഷ്ടിവാദവും അവരുടെ സൃഷ്ടിയായ ദൈവവും എത്രവലിയ പൊളിയാണെന്ന് നമുക്ക് കാണിച്ചുതരുന്നു.


കാംബ്രിയൻ യുഗത്തിൽ നമ്മുടെ body plan രൂപപ്പെടുത്തുന്ന HOX ജീനുകളിൽ സംഭവിച്ച duplication വഴി അവ ഇരട്ടിച്ചതിനെപ്പറ്റി - ഒരു സെറ്റിനുപകരം നാലു സെറ്റുകൾ- കഴിഞ്ഞ കുറിപ്പിൽ സൂചിപ്പിച്ചിരുന്നുവല്ലോ. ഒരിക്കൽ ഒരു ജീൻ ഡൂപ്ലിക്കേറ്റ് ചെയ്തുകഴിഞ്ഞാൽ അതിന്റെ മറ്റൊരു കോപ്പികൂടി ഉണ്ടാകുന്നു. ഈ ജീനിന്റെ ശരിയായ പ്രവത്തനം നിർവ്വഹിക്കാൻ ഒരു കോപ്പി മാത്രം മതിയാകും. അപ്പോൾ സ്വന്തന്ത്രമായ മറ്റേ കോപ്പി മ്യൂട്ടേഷന്‌ വിധേയമാകും. ഇങ്ങെനെ കൂടുതൽ മ്യൂട്ടേഷനുകൾ നടന്നുകഴിഞ്ഞാൽ ഈ രണ്ടാമത്തെ കോപ്പി പുതിയ ജീനായി പരിണമിക്കും; അതിന്‌ പുതിയ function ഉണ്ടായിരിക്കും. 4 HOX സെറ്റുകളിൽ ഈ പ്രക്രിയ സംഭവിച്ചുകഴിഞ്ഞപ്പോൾ അവ പുതിയ ബോഡി പ്ലാനുകൾ നിർമ്മിക്കാൻ സജ്ജമായി. ഫോസിൽ രേഖകളിൽ കാംബ്രിയൻ യുഗത്തിനു മുമ്പ് നട്ടെല്ലില്ലാത്ത ജീവികളെയും കാംബ്രിയനിലും അതിനു ശേഷവും നട്ടെല്ലികളെയും കാണുന്നതിനുകാരണം ഇതാണ്‌. അന്നത്തെ പരിസ്ഥിതി-സമുദ്ര-ക്ക് പുതിയ body planകള്‍ അനുകൂലമായിരുന്നു. അതിനാൽ അവയ്ക്കനുകൂലമായി പ്രകൃതിനിർധാരണം നടക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ നട്ടെല്ലിവിഭാഗങ്ങൾ ഉല്‍ഭവിക്കുന്നില്ല. നല്ലൊരു നട്ടെല്ലിയായ Jawed fish നെ കാണണമെങ്കിൽ ഓർഡോവിഷൻ യുഗത്തിലെത്തണം- 43.8 കോടി വർഷം തൊട്ട് 41.7 കോടി വർഷം വരെ- . നട്ടെല്ലിലോകത്തെ മികച്ച ഡിസൈനാണ്‌ മൽസ്യങ്ങൾ. ഡവോണിയൻ യുഗത്തിന്റെ മധ്യഘട്ടം വരെ ഈ body plan മാത്രമാണ്‌ നട്ടെല്ലിലോകത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 39 കോടി വർഷം തൊട്ട് സ്ഥിതിയി മാറ്റം വരുന്നു. ഈ വേളയിൽ അടിസ്ഥാന മൽസ്യ body plan ൽ ചില വ്യത്യാസങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ മാറ്റങ്ങൾ നട്ടെല്ലി ലോകത്ത് വളരെ പ്രധാനമാണ്‌. 3 കോടി വർഷത്തെ പരിണാമത്തിനൊടുവിൽ ജലത്തിലും കരയിലും ജീവിക്കാൻ അനുകൂലനം നേടിയ വേറൊരു നട്ടെല്ലിയെ നമുക്ക് ഫോസിലിൽ കാണാം. അവയാണ്‌ ഉഭയജീവികൾ-കരയിലും വെള്ളത്തിലുമായി ജീവിതചക്രമുള്ളവർ- നട്ടെല്ലിലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിണാമങ്ങളിൽ ഒന്നാണിത്. പിന്നീട് കരയിൽ പരിണമിച്ച 3 നട്ടെല്ലി-ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ-വിഭാഗങ്ങളും ഈ ഉഭയജീവികളിൽനിന്നാണ്‌ പരിണമിച്ചത്. ജലമാധ്യമം വിട്ട് തികച്ചും വ്യത്യസ്തമായ കരയിൽ ജീവിക്കണമെങ്കിൽ പൂർവ ഡിസൈനിൽ-മൽസ്യത്തിൽ- വളരെ മാറ്റങ്ങൾ സംഭവിച്ചിരിക്കണം.    


ജലപരിസ്ഥിതിയിൽ ജീവിക്കുന്ന മൽസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, കരയിലെ പരിതസ്ഥിതിയിൽ ജീവിക്കുവാൻ ജീവികൾ എങ്ങനെ അർഹത നേടിയെന്ന് നമുക്ക് അല്‍ഭുതം തോന്നാം. എന്നാൽ ഇക്കാലത്തെ ഫോസിലുകളെ പഠിക്കുമ്പോൾ ഇതിൽ വലിയ അല്‍ഭുതത്തിനൊന്നും കാര്യമില്ല. ജീവികളുടെ അടിസ്ഥാന body plan ൽ ചില മാറ്റങ്ങൾ സംഭവിച്ചതുതന്നെയാണ്‌ അതിനു കാരണം. അവയിൽ ചിലത് നോക്കാം. അന്തരീക്ഷവായു ശ്വസിക്കുന്നതിന്‌ ശ്വാസകോശങ്ങൾ രൂപപ്പെട്ടു; അതായത് ചെകിളയുടെ സ്ഥാനത്ത് വായുഅറയുണ്ടായി. അടുത്തത് ഗുരുത്വബലത്തെ രൂപീകരിക്കലാണ്‌. ജലമാധ്യമത്തിൽ ഇതൊരു പ്രശ്നമല്ല. ശരീരത്തിന്റെ ഭാരം നാലു കാലുകളിലേക്ക് വ്യന്യസിച്ചാണ്‌ കരയിൽ ഈ പ്രശ്നം പരിഹരിച്ചത്. അടുത്ത പ്രശ്നം നിർജലീകരണമാണ്‌. അത് തടയാൻ കട്ടിയുള്ള തൊലിയുണ്ടായി. മറ്റൊന്നുള്ളത് മണം പിടിക്കനുള്ള ശേഷിയാണ്‌. ജലമാധ്യമത്തിലെ മണംപിടിക്കുന്നതിനുള്ള സംവിധാനമല്ല കരയിൽ വേണ്ടത്. അന്തരീക്ഷത്തിലെ മണം പിടിക്കുന്നതിന്‌ വേറെ ചില സംവിധാനങ്ങളാണ്‌ വേണ്ടത്. കരയിലെ ജീവിതം സാധ്യമാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയിൽ ഇതിനായി വളരെയധികം ജീനുകൾ രൂപപ്പെട്ടു. പിന്നീട്, പരിണാമം സസ്തനികളിലെത്തിയപ്പോൾ ഈ ജീനുകളുടെ എണ്ണം duplication വഴി ആയിരക്കണക്കായി മാറി. അങ്ങനെ മൽസ്യത്തിന്റെ അടിസ്ഥാന body planല്‍ ചില മാറ്റങ്ങൾ സംഭവിച്ചതുവഴി കഴിഞ്ഞ 36 കോടി വർഷങ്ങൾതൊട്ട് ഭൂമുഖത്ത് വേറൊരു ജീവി വിഭാഗം പ്രത്യക്ഷപ്പെട്ടു. അവരാണ്‌ നാലുകാലികൾ- tetrapods- ഡെവോണിയൻ ഫോസിൽ രേഖകളിൽ ഈ പരിവർത്തന ചരിത്രം വളരെ വ്യക്തമാണ്‌. (അതേപറ്റി വിശദമായ മറ്റൊരു കുറിപ്പ് പിറകെ) ഇരുകാലികളാണെങ്കിലും മനുഷ്യനും tetrapod തന്നെയാണ്‌. നാലുകാലിയായി വൃക്ഷവാസം നയിച്ചിരുന്നവരാണ്‌ നമ്മുടെ പൂർവ്വികർ. ഒരു സവിശേഷ പരിതസ്ഥിതിയോടുള്ള അനുകൂലനം എന്ന നിലയിലാണ്‌ നമ്മളിൽ ഇരുകാലി നടത്തം വികസിച്ചതും അതിന്റെ ഫലമായി കൈകൾ സ്വതന്ത്രമായതും.


വിരലുകൾ പരിണമിച്ചത് കരയിലെ ചലനത്തിന്‌ അനുകൂലനം എന്ന നിലയിലായിരുന്നു. എന്നുതന്നെയല്ല, ഇത് ആദ്യം പ്രത്യക്ഷപ്പെടുന്നത് മനുഷ്യനിലല്ല. കഴിഞ്ഞ 39 കോടി വർഷങ്ങൾക്കു ശേഷം ഇത് ആ കാലഘട്ടത്തിലെ നാലുകാലികളിൽ പ്രത്യക്ഷപ്പെടുന്നു. ഡെവോണിയൻ നാലുകാലികളായ Ichthyostega

യുടെ ഒരു കാലിൽ 8 വിരലുകളും Acanthostega യുടെ കാലിൽ 7 വിരലുകളും അല്പം കൂടി കഴിഞ്ഞ് Tulerpeton ൽ എത്തുമ്പോൾ അത് 6 വിരലുകളായും പരിണമിക്കുന്നു. ഈ ജീവികളുടെ മുൻ കാലുകളിൽ നിന്നാണ്‌ മനുഷ്യന്റെ കരങ്ങൾ രൂപപ്പെടുന്നത്. ഇവയുടെ മുൻ കാലിൽ നമ്മുടെ  humerus, radius, ulna, carpals എന്നീ ഘടകങ്ങൾ എല്ലാം ഉണ്ട്.

നട്ടെല്ലിലോകത്ത് അടുത്ത കാതലായ മാറ്റങ്ങൾ സംഭവിക്കുന്നത് കാർബണിഫറാസ്(Carboniferous)-കഴിഞ്ഞ 36 കോടി വർഷം മുതൽ തുടങ്ങി 29 കോടി വർഷം വരെ-യുഗത്തിലാണ്‌. ആദ്യം കരയിലേക്ക് പ്രവേശിച്ച ഉഭയജീവികളിൽ-ജലത്തിലും കരയിലും ജീവിതചക്രമുള്ള-നിന്നും ഈ യുഗത്തിൽ വേറൊരു ജീവി വിഭാഗം പരിണമിക്കുന്നു. അതാണ്‌ ഉരഗങ്ങൾ-Reptiles-. ആമ, പല്ലി, പാമ്പ് , മുതല ഇവയെല്ലാം ഇതില്‍ പെടുന്നു. അതോടെ നട്ടെല്ലികൾ 3 വിഭാഗങ്ങളിലായി രണ്ട് സവിശേഷ പരിതസ്ഥിതികളിൽ ജീവിക്കുവാൻ അനുകൂലനം നേടുന്നു. കരയിൽ നട്ടെല്ലി ജീവിതം സംസ്ഥാപിതമാകുന്നതോടെ അവയിൽ വ്യത്യസ്ത ദിശയിലേക്കുള്ള പരിണാമങ്ങൾ സംഭവിക്കുന്നു. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത ഘട്ടമായ പെർമിയ(Permian)-29 കോടി വർഷം മുതൽ 24.5 കോടി വർഷം വരെ-ന്റെ തുടക്കത്തിലുമായി ഉരഗജീവിതം 3 വ്യത്യസ്ത ജീവി വിഭാഗങ്ങൾക്ക് ജന്മമേകുന്നു. അവ 1. Anapsids- ഇവയിൽ നിൻ പില്‍കാലത്ത് ആമ തുടങ്ങിയ ജീവികൾ ഉരുത്തിരിയുന്നു. 2. Diapsids- അതിൽ നിന്നും ആദ്യം ദിനോസറുകൾ, Pterosaurs (പറക്കുന്ന ഉരഗങ്ങൾ) എന്നിവയും പിന്നീട് ഡിനോസറുകളിൽനിന്ന് പക്ഷികളും രൂപം കൊള്ളുന്നു.

3. Synapsids- ഈ വിഭാവത്തിൽ നിന്നാണ്‌ പില്‍കാലത്ത് ഇന്നത്തെ പ്രബല ജീവി വിഭാഗമായ സസ്തനികൾ വികസിക്കുന്നത്. അങ്ങനെ നട്ടെല്ലി ജീവിതം പുതിയ ദിശകളിലേക്ക് തിരിയുന്നു. പെർമിയൻ യുഗത്തിൽ ഇത്തരം തിരിവുകൾ ഉണ്ടായെങ്കിലും പക്ഷികളെ കാണണമെങ്കിൽ ജൂറാസിക് യുഗത്തിന്റെ അവസാന മധ്യ ഭാഗത്തെത്തണം. അതുപോലെ സസ്തനികളുടെ ശരിയായ വികാസം കാണണമെങ്കിലോ സിനോസോയിക്(Cenozoic) ഘട്ടത്തിന്റെ -കഴിഞ്ഞ 6.5 കോടി വർഷം മുതൽ- ആദ്യഭാഗത്ത് നോക്കണം. എങ്കിലും, പെർമിയൻയുഗം ജീവന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്‌. ഈ യുഗത്തിന്റെ അവസാന ഘട്ടത്തിലാണ്‌ ജീവലോകത്തെ മിക്കവാറും തുടച്ചുനീക്കിക്കൊണ്ട് അതിഭീകരമായ Mass Extinction സംഭവിച്ചത്. അന്ന് ഭൂമുഖത്തെ ജീവജാലങ്ങളിൽ 96 % അപ്രത്യക്ഷമായി. (അതേപ്പറ്റി വിശദമായ കുറിപ്പ് പിറകെ) എന്നിരുന്നാലും, പെർമിയൻ കൂട്ടവിനാശത്തെ നട്ടെല്ലികളും നട്ടെല്ലില്ലാത്തവയും അതിജീവിച്ചു. അതെ, ജീവന്റെ കൈത്തിരി കെട്ടുപോയില്ല. അത് പതിയെ മുന്നോട്ട്, ദൈവത്തെയോ പിശാചിനെയോ കാക്കാതെ മുമ്പോട്ട്...

നട്ടെല്ലികളുടെ ചരിത്രം ഫൊസിലുകളിലൂടെ തിരിഞ്ഞ് നോക്കുമ്പോഴാണ്‌ മുകളിൽ പറഞ്ഞ പരിണാമഗതി മനസിലാവുക. ഒപ്പം പരിണാമ ചരിത്രത്തിലെ മറ്റൊരു വസ്തുത കൂടി നാമിവിടെ കാണുന്നുണ്ട്. അതായത് ഒരു ജീവിവിഭാഗവും തനിയേ, വെവ്വേറെ രൂപം കൊണ്ടതല്ല. ഓരോന്നും അവയുടെ പൂർവ്വ രൂപങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌. ഒന്നുകൂടി വ്യക്തമാക്കിയാൽ മൽസ്യം രൂപപ്പെട്ട കാംബ്രിയൻ-ഓർഡോവിഷൻ യുഗങ്ങളിൽ നമ്മൾ ഒരിക്കലും ഒരു സസ്തനിയെ കാണില്ല,മൽസ്യത്തിന്റെ പിൽകാല പരിണാമ രൂപമാണ്‌ സസ്തനി.

******* TO BE CONTINUED*******

Comments

Popular posts from this blog

നിക്കോള ടെസ് ല(Nikola Tesla) ലോകം ആദരിക്കാൻ മറന്ന മഹാ ശാസ്ത്രജ്ഞൻ

തൂത് ആംഖ് അമൂൻ (ഭാഗം.2 )

ഭാഷയുടെ പരിണാമം, ജൈവലോകത്തിന്റെയും